കൂത്തുപറമ്പ്: തൊക്കിലങ്ങാടി പാലാപറമ്പിൽ നിന്ന് രണ്ടു കഞ്ചാവ് ചെടികൾ കൂത്തുപറമ്പ് സർക്കിൾ എക്സൈസ് സംഘം കണ്ടെത്തി. എക്സൈസ് ഇൻസ്പെക്ടർ പി. ഷിംനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് സർക്കിൾ എക്സൈസ് ഇൻസ്പെക്ടർ എം.കെ. സുനിലിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. ഇന്നലെ രാവിലെ 11.30 ഓടെ നടത്തിയ പരിശോധനയിലാണു രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തോടു ചേർന്ന് നഗരസഭയുടെ തന്നെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തായിരുന്നു കഞ്ചാവ് ചെടികൾ. ഒരു മീറ്ററിലധികം നീളമുള്ള കഞ്ചാവ് ചെടികളാണു കണ്ടെത്തിയത്.
ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ സി.പി. ഷാജി, കെ. ബിജു, ടി.കെ. ബിൻസി, സിവിൽ എക്സൈസ് ഓഫീസർ സി. ജിജീഷ്, ഡ്രൈവർ സി. ധനീഷ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.